
ലണ്ടന്‍ ഹീത്രോ ടെര്‍മിനല്‍ അഞ്ച്:
പോകുന്നതും വരുന്നതുമായ വിമാനങ്ങളുടെ കണക്കെടുത്തുകൊണ്ടു ബ്രിട്ടീഷ് എയര്‍വയ്സിന്‍റെ ഫ്രാങ്ക്ഫെര്‍ട്ട് വിമാനം കുറച്ചു വേണ്ടധിലധികം ഫ്രാങ്കായി തന്നെ കാത്തിരുന്നു. പതിവു സമയത്തില്‍ വരികയോ പോകുകയോ അരുതെന്ന് ഈ പുതിയ ടെര്‍മിനല്‍ തുടങ്ങിയ വിമാന കമ്പനിക്കു നിര്‍ബന്ധം ഉണ്ടെന്നു തോന്നിപോകും. നാലു മണിക്കൂറിനു ശേഷം വിമാനം പറക്കുമെന്ന് വ്യസനത്തോടെ അറിയിച്ചതോടെ, സന്തോഷത്തിനു പോയി ഒരു ലാര്‍ജും വിഴുങ്ങി ചെക്കിന്‍ വരിയില്‍ കയറി നിന്നു. മുന്നില്‍ അയല്‍ രാജ്യത്തിലെ ഒരു ഫാമിലി പല വലിപ്പത്തിലുള്ള കുട്ടികളുമായി നിന്നിരുന്നു. അവരെ കണ്ടതോടെ വേണ്ടപ്പെട്ടവര്‍ പുതിയ ഒരു ചെക്കിന്‍ കൌണ്ടര്‍ തുറന്നു ആ പ്രശ്നം തീര്‍ത്തു. പക്ഷെ എന്‍റെ പ്രശ്നം അവിടെ തുടങ്ങുകയായിരുന്നു. .
വഴിമുഴുവന്‍ കരയുവാന്‍ കരാറെടുതിട്ടുള്ള ഒരു കൊച്ചു കുഞ്ഞും സായിപ്പിന്‍റെ ഫാഷ പറയുവാന്‍ അറിയാന്‍ മേലാത്ത പാകിസ്താനി അമ്മയും ആയിരുന്നു തൊട്ടടുത്ത സീറ്റില്‍. ഒന്നുറങ്ങാം എന്നുള്ള ചെറിയ ആഗ്രഹം മാറ്റി വെച്ചു കുഞ്ഞിന്‍റെ കരച്ചിലിനും ഉറുദു തര്‍ജ്ജമക്കും ഇടയില്‍ ഒരു റബ്ബര്‍ ബാന്‍ഡ് ചിരിയുമായി ഞാനിരുന്നു. അടുത്തിരിക്കുന്ന കടുകെണ്ണ ദുര്‍ഗന്ധവും സഹിച്ചു മനസ്സു ക്ഷമയുടെ പടികള്‍ കയറിയിറങ്ങികൊണ്ടിരുന്നപ്പോള്‍ ഫ്ലൈറ്റ് ഫ്രാങ്ക് ഫേര്‍ട്ടില്‍ എത്തിയെന്ന അനൌണ്‍സ്മെന്‍റ് കേട്ടു.

ഫ്രാങ്ക് ഫേര്‍ട്ടില്‍ നിന്നും പോകുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വീസ് ടെര്‍മിനല്‍ ഒന്നില്‍ ഉണ്ട്. രണ്ടു ടെര്‍മിനലുകളുമായി ബന്ധിപ്പിക്കുന്ന സ്കൈലൈന്‍ ട്രെയിനില്‍ കയറി ടെര്‍മിനല്‍ ഒന്നില്‍ വന്ന് സെന്‍റ് ഇന്ഗ്ബര്‍ട്ടിലേക്ക് ടിക്കറ്റ് എടുത്തു. മൂന്നു ട്രെയിന്‍ മാറി കയറണം ഇവിടെയെത്തുവാന്‍. ആദ്യ ട്രെയിന്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്സ് ആയിരുന്നു മാനേം എന്ന് വിളിക്കുന്ന ജന്ക്ഷനില്‍ ഇറങ്ങി, സാര്‍ബ്രുക്കെനിലെക്കുള്ള ട്രെയിന്‍ പ്ലാറ്റ്ഫോം എട്ടിലാണ്, പെട്ടിയും തൂക്കി അവിടെ ചെല്ലുമ്പോള്‍ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ തന്നെയുണ്ട്, ഒരേ ഒരു പ്രശ്നം ഉള്ളില്‍ കയറുവാന്‍ സ്ഥലമില്ല. ടിക്കറ്റ് ചെക്കെഴ്സിനോട് ഫസ്റ്റ് ക്ലാസ്സില്‍ കയറിക്കോട്ടെ എന്ന് ചോദിച്ചു. കയറാം പക്ഷെ സീറ്റില്‍ ഇരിക്കരുത് എന്ന് പറഞ്ഞു. അങ്ങിനെയെങ്കില്‍ അങ്ങിനെയെന്നു പറഞ്ഞു ട്രെയിനില്‍ വലിഞ്ഞു കയറി.
എന്നേക്കാള്‍ മുന്‍പേ ഫസ്റ്റ് ക്ലാസ് കാബിന്‍ എന്ട്രന്‍സില്‍ സ്ഥലം പിടിച്ചിരുന്ന ഒരു ജര്‍മന്‍ പട്ടാളക്കാരനെയും രണ്ടു ഹോളണ്ടുകാരെയും പരിചയപ്പെട്ടു. ലോകമേ തറവാട് എന്നുള്ള ചിന്താഗതിയില്‍ നടക്കുന്ന അവര്‍ക്ക് ടിക്കറ്റൊരു അധികപറ്റായിരുന്നു. ടിക്കറ്റ് ചെക്കേഴ്സു അവിടെ വന്നെങ്കിലും വഴിയില്‍ നിന്നിരുന്ന ആരുടേയും ടിക്കെറ്റുകള്‍ നോക്കാതെ അവര്‍ പോയി. അവര്‍ ചിരിച്ചു. ഞാന്‍ പല്ലിളിച്ചു കാണിച്ചു..
ഒന്നര മണിക്കൂറിനു ശേഷം സര്‍ബ്രുക്കെനില്‍ ട്രെയിന്‍ എത്തി. ഭാഗ്യത്തിന് സെന്‍റ് ഇനഗ്ബര്‍ട്ടിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ തൊട്ടടുത്ത പ്ലാറ്റ്ഫോര്‍മില്‍ തന്നെ ആയിരുന്നു. വന്ന ലോക്കല്‍ ട്രെയിനില്‍ നിറയെ ടീനേജുകാരായിരുന്നു, ചിലര്‍ പാര്‍ട്ടി കഴിഞ്ഞു വരുന്നതു പോലെ കയ്യില്‍ മദ്യ കുപ്പികളും ബലൂണുകളുമൊക്കെ പിടിച്ചിരുന്നു. മറ്റു ചിലര്‍ ഉറക്കത്തിലായിരുന്നു.
ഇരുപതു മിനിട്ടിനു ശേഷം ട്രെയിന്‍ സെന്‍റ് ഇന്ഗ്ബെര്‍ട്ട് എന്ന സര്‍ബ്രൂകനിലെ റിമോട്ട് ടൌണില്‍ എത്തി. ടാക്സിയില്‍ ഹോട്ടലിലേക്ക് പോയി.

"ഗുടെന്‍ അബെന്ദ്" ഹോട്ടല്‍ റസപ്ഷനില്‍ ഇരിന്നിരുന്ന വലിയമ്മച്ചി മൊഴിഞ്ഞു. തിരിച്ചു ഗുഡ് ഇവ്നിംഗ് പറഞ്ഞു കൊണ്ടു ചെക്കിന്‍ ഫോമും എഴുതി റൂം കീയും വാങ്ങി നേരെ റൂമിലോട്ട് കയറി. കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നല്ല വിശപ്പ്, താഴെയുള്ള റെസ്ടോറണ്ടിലേക്ക് പോകുവാന്‍ എന്‍റെ വയറു പറഞ്ഞു.

റെസ്ടോറണ്ടില്‍ തിരക്കായിട്ടില്ല. സീറ്റുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കുന്നു. ജര്‍മന്‍ പെണ്‍കുട്ടി മെനുവുമായി മുന്നിലെത്തി. കുടിക്കുവാന്‍ എന്തെങ്കിലും ?
"die Halbe Beckner Pils, Bitte" (ഒരു പൈന്‍റ്റ് ബെക്കന്ര്‍ പില്സ് ബിയര്‍, പ്ലീസ്) കിട്ടിയ ജര്‍മനില്‍ തട്ടി. ബിയര്‍ ഉടനെ തന്നെ ചിരിയുമായി "എവിട്യാര്‍ന്നു ഗട്യേന്നു" ചോയിച്ചിട്ട് എത്തി . ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ സല്ലാപം കഴിഞ്ഞപ്പോഴാണ് പരിസരമൊക്കെ ഒന്നു നോക്കാം എന്നൊരു പരിസര ബോധം വന്നത്.

ഇതാര് ഇമ്മടെ ശകുന്തള ചേച്ചിയല്ലേ, ഇതെന്താ ഷാംപൈന്‍ ഗ്ലാസും പിടിച്ചു ചിന്താവിഷ്ടയായി മുഖം തിരിച്ചു നില്‍ക്കുന്നത്. ദുഷ്യന്തേട്ടന്‍ ബ്രാന്‍ഡ് മാറ്റിയതാണോ പ്രശ്നം, അത് നമുക്കു കാപ്പില്‍ ഷാപ്പില്‍ പോയി തീര്‍ക്കാം, ഒന്നു നോക്കു ഞാനൊരു പടം എടുക്കട്ടെ.
"ഞങ്ങളൊക്കെ ഇവിടെയുണ്ട് ട്ടാ" എന്നൊരു അശരീരി കേട്ടു ഞെട്ടി തിരിഞ്ഞു നോക്കി ..

ലെഡീസ് ഷാപ്പിലെ ചേച്ചിമാര്‍ നിര്‍ത്തി നിര്‍ത്തി അടിച്ച് കൊണ്ടിരിക്കുകയാണ്..
"നീയാ കാപ്പില്‍സിന്‍റെ ഷാപ്പിലെ ആളല്ലേ. " തൊപ്പി വെച്ച ചേച്ചി ചോയിച്ചു.
" അപ്പോ കാപ്പിലിന്‍റെ ഷാപ്പ് അത്രേം പ്രസിദ്ധാല്ലേ, ഞാന്‍ കൃതാര്‍ഥനായി" ഞാന്‍ താഴ്മയോടെ പറഞ്ഞു. " "ഷാപ്പ് പൂട്ടിയിട്ടതിനു ശേഷം ഞങ്ങള്‍ പ്ലെയിന്‍ ടിക്കെറ്റിനു പണം കൊടുത്താണിവിടെ വന്നടിക്കുന്നത്. ഇതു നീയായിട്ടു പൂട്ടിക്കരുത്. പറഞ്ഞില്ലാണ് വേണ്ട."
" അയ്യൂ..ഞാന്‍ ഇവിടെ വന്നിട്ടില്ല, നിങ്ങളെ കണ്ടിട്ടില്ല. പോരെ.." തിരിച്ചു സീറ്റില്‍ ചെന്നിരുന്നു.

സ്റാര്‍റ്റേഴ്സ് എത്തി. എന്താന്നു ചോദിച്ചില്ല, അറിഞ്ഞിട്ടും വല്യേ കാര്യം ഇല്ലാന്ന് തോന്നിയത് കൊണ്ടു ഉണ്ടായിരുന്ന വിശപ്പിനു ഇടം വലം നോക്കാതെ അടിച്ച്, ബ്രെഡില്‍ ചീസും പുരട്ടി വിഴുങ്ങി.
മെയിന്‍ കോഴ്സിനു ഓര്‍ഡര്‍ എടുക്കുവാന്‍ പെണ്‍കുട്ടിയെത്തി. "Was empfehlen Sie" (നിങ്ങളെന്താണ് ശുപാര്‍ശ ചെയ്യുന്നത്) ബുദ്ധിമുട്ടി പഠിച്ച ഒരു ജര്‍മന്‍ വാചകം പൂശി. "ചിക്കന്‍ ആന്‍ഡ് സലാഡ് മതിയോ" പെണ്‍കുട്ടി ചോദിച്ചു. മതിയെന്നു പറഞ്ഞു മെനു തിരിച്ചു കൊടുത്തു.

തീന്‍മേശയിലെ മെഴുകുതിരിക്കു ജീവന്‍ വെച്ചു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി പറഞ്ഞു കൊണ്ടു ഉഷാറായി പരിപാടി തുടങ്ങി.

ചിക്കന്‍ സലാഡിനു (puten brust salat) വിഷമാവണ്ട എന്ന് കരുതി ദേ ഒരിത്തിരി ചുവന്ന വൈനും മേമ്പടിക്കായി വാങ്ങി. ചിക്കനും കൂടെയുണ്ടായിരുന്ന പുല്ലും ഉള്ളില്‍ പോയപ്പോള്‍ വയറു നിറഞ്ഞ പശുവിനെ പോലൊരു ഫീലിങ്ങം..പശുവിന്‍റെ കരച്ചില്‍ വായിലെത്തി..ടേസ്റ്റ് മാറട്ടെ എന്ന് കരുതി ഒരിത്തിരി ഡിസ്സെര്‍ട്സ് ആകാമെന്ന് കരുതി.

ടിരമസു അങ്ങിനെ ടേബിളില്‍ എന്നെ പരീക്ഷിക്കുവാനായി എത്തി. അതും കഴിച്ചു നല്ലൊരു നടത്തമാവാമെന്നു കരുതി റെസ്ടോറണ്ടിന് പുറത്തേക്കിറങ്ങി.

ലോക യുദ്ധങ്ങള്‍ കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും നാസി ചിന്തകള്‍ ജനങ്ങളില്‍ ഉണ്ടെന്നതിന്‍റെ സൂചനയെന്നോണം ഒരു ചുവരെഴുത്തും ഇവിടെ കണ്ടു.

മാര്‍കെറ്റില്‍ ഉണ്ടായിരുന്ന ബസലിക്കയുടെ പ്രവേശന കവാടം.
പതിനെട്ടാം നൂറ്റാണ്ടില്‍ പണിത ഈ ചര്‍ച്ച് ഇന്നും പരിസരവാസികള്‍ നല്ലതുപോലെ പരിരക്ഷിക്കുന്നതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

അടുത്തുള്ള ഷോപ്പിലേക്ക് നോക്കിയപ്പോള്‍ ഞാനൊന്ന് ഞെട്ടി. ഇമ്മടെ സൈക്കിള്‍ റിക്ഷ ഇമ്മണി ബല്യേ കാശും എഴുതീട്ട് കണ്ണാടി കൂട്ടില്‍ കൊണ്ടു വെച്ചേര്‍ക്ക്ണൂ..
നടത്തം മതിയാക്കി ഹോട്ടെലില്‍ എത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ ക്യാമറക്കും ബ്ലോഗിനും റെസ്റ്റ് കൊടുത്തുകൊണ്ട് പച്ചരിക്ക് വേണ്ടിയുള്ള പണി തുടങ്ങി. സര്‍ബ്രൂകെനിന്‍റെ ചരിത്രം പബ്ബില്‍ വരുന്നവരില്‍ നിന്നറിഞ്ഞു. കല്‍ക്കരി ഘനനതിനു പ്രശസ്തി നേടിയതാണീ സ്ഥലം. ഒന്നാം ലോക യുദ്ധത്തില്‍ നിരവധി ഫ്രഞ്ച് കല്‍ക്കരി മൈനുകള്‍ ബോംബിട്ടു നശിപ്പിച്ചതിന് ഫ്രെഞ്ചുകാര്‍ രണ്ടാം ലോക യുദ്ധത്തിന് ശേഷം പതിനഞ്ച് വര്‍ഷം അധീനതയില്‍ വെച്ചതാണീ സ്ഥലം. ഫ്രെഞ്ച്കാരോട് ഇന്നും ചെറിയ നീരസം ഇല്ലാതില്ല ഇവിടെയുള്ളവര്‍ക്ക്.
ഒരു ടര്‍ക്കിക്കാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പരിചയപ്പെട്ടു. ആറു പെങ്ങള്‍മാര്‍ക്കായി ഉള്ള ഏക ആങ്ങള. വയസ്സ് ഏകദേശം മുപ്പതിനോടടുത്ത്. വിവാഹം കഴിച്ചിട്ടില്ല, ഒരു ജര്‍മന്‍ ഗേള്‍ ഫ്രണ്ട് ഉണ്ട്, ആ പെണ്‍കുട്ടിയെ അയാളുടെ അമ്മകിഷ്ടമല്ല, അതുകൊണ്ട് മിന്നുകെട്ടില്ലാതെ ജീവിച്ചു പോരുന്നു. പെങ്ങള്‍മാരില്‍ ഒരാള്‍ ഭര്‍ത്താവുമായി പിരിഞ്ഞു അച്ഛന്‍റെയും അമ്മയുടെയും കൂടെ കുട്ടികളുമായി താമസിക്കുന്നു. പുതിയ മുഖങ്ങള്‍ കാണുമ്പോള്‍ ജര്‍മന്‍കാരി പെണ്ണിന് ഇടയ്ക്കിടയ്ക്ക് പുള്ളി റെസ്റ്റ് കൊടുക്കും. "ആ ജര്‍മ്മന്‍കാരി കൊച്ചിനെ കെട്ടിയാല്‍ ഈ പുതുമുഖങ്ങളെ ഒഴിവാകാമല്ലോ ?" എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്." ഇതെല്ലാം വിന്‍ഡോ ഷോപ്പിങ്ങ് അല്ലെ, ചുമ്മാ ആപിട്ടൈസര്‍..ഊണ് വീട്ടിലെ കഴിക്കൂ." ഞാന്‍ ചിരിച്ചു.
റെസ്ടോറണ്ടിലെ സ്ഥിരക്കാരില്‍ ചിലരെ പരിചയപ്പെട്ടു. ആര്‍മിയില്‍ നിന്നും വിരമിച്ച ക്രിസ്റൊവും ഭാര്യ മോണിക്കയും. ഇവര്‍ക്ക് രണ്ടുപേര്‍ക്കും റെസ്ടോറണ്ടില്‍ വൈകീട്ട് വന്ന് രണ്ടെണ്ണം വിട്ടിലെങ്കില്‍ ഉറക്കം കിട്ടില്ലെന്നാണ് പറഞ്ഞത്. അടിച്ചത് കൂടിയെങ്കില്‍ ആരെങ്കിലും ഒരാള്‍ പാടും. മറ്റെയാള്‍ സീറ്റില്‍ നിന്നെഴുന്നേറ്റു ആടുകയും ചെയ്യും. ഒരുതവണ ഞാന്‍ ഡാന്‍സ് ചെയ്യുന്ന മോണിക്കയെ കണ്ടു.
ദിവസങ്ങള്‍ കണ്ടന്നു പോയി. ജര്‍മനിയുടെ ഫുട്ബോള്‍ സെമിഫൈനല്‍ ദിനവും വന്നെത്തി.ഹോട്ടെലും പരിസരവും തിരക്കിലായി. വെള്ളവും ഫുട്ബാളും ഇത്രക്കും അലിഞ്ഞു ചേരുമെന്ന് എനിക്ക് ധാരണയുണ്ടായിരുന്നില്ല. കാറുകളിലും വീടുകളിലും ജര്‍മന്‍ കൊടികള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ചിലര്‍ മാലയാക്കി അണിയുകയും ചെയ്തിരിക്കുന്നു.

ജര്‍മനിയുടെ സെമി ഫൈനല്‍ വിജയാഘോഷം ഞാന്‍ ലണ്ടനിലേക്ക് തിരിക്കുമ്പോഴും നിലച്ചിരുന്നില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെ സെന്‍റ് ഇന്ഗ്ബെര്‍ട്ട് സ്റ്റേഷനില്‍ എത്തി.

സൂര്യന്‍ ഇനിയും ഉദിച്ചിട്ടില്ല..താമസിയാതെ സാര്‍ബ്രൂക്കനിലെക്കുള്ള ട്രെയിന്‍ വന്നു. വണ്ടിയില്‍ കയറി സെന്‍റ് ഇങ്ഗ്ബര്‍ട്ടിനോട് വിട പറഞ്ഞു. സാര്‍ബ്രൂക്കനില്‍ നിന്നും ഫ്രാങ്ക് ഫെര്‍ട്ടിലേക്കുള്ള ഡയറക്റ്റ് ട്രെയിന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു ഞാന്‍ എത്തി ചേരുമ്പോള്‍. ജനവാതിലിനു അടുത്തായി ഇരുപ്പുറപ്പിച്ചു.

സൂര്യരശ്മികള്‍ മഞ്ഞിന്‍ കണങ്ങളില്‍ തട്ടുന്നത് രസമായി തോന്നി.

പാളങ്ങളും പ്രകൃതിയും ആരോ എഴുതിയ ചിത്രം പോലെ

ജര്‍മനിയാണ് ഏറ്റവും കൂടുതല്‍ ഗ്രീന്‍ ആയുള്ള രാജ്യം എന്ന് എവിടെയോ വായിച്ചതോര്‍ത്തു.

വഴിയില്‍ കണ്ട ഒരു ഗോഡൌണ്‍.

മലനിരകളും ഫാക്ടറികളും, വഴിയോരത്തെ ഒരു കാഴ്ച.

ജര്‍മനിയിലെ റൈന്‍ നദി.
അധികം താമസിയാതെ ട്രെയിന്‍ ഫ്രാങ്ക് ഫെര്‍ട്ട് മെയിനില്‍ എത്തി.
എയര്‍പോര്‍ട്ട് ചെക്കിനും കഴിഞ്ഞു ലൌഞ്ചില്‍ പോയിയിരുന്നു.
ലണ്ടന്‍ വിമാനം സമയത്തിനാണ് !

ക്യാമറക്ക് റെസ്റ്റ് കൊടുക്കുവാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല.
ഫ്രാങ്ക് ഫേര്‍ട്ടില്‍ പ്ലെയിന്‍ പറന്നുയര്‍ന്നപ്പോള്‍ കണ്ട കാഴ്ച.

ഈ ചിത്രത്തില്‍ ഫ്രാങ്ക് ഫേര്‍ട്ടിനു കുറുകെ ഒഴുകുന്ന റൈന്‍ നദി കാണാം

ജര്‍മനിയുടെ ബാള്‍ടിക് കടല്‍ തീരം മേഘങ്ങള്‍ നിറഞ്ഞ മേലാപ്പോടെ..

ഇതിനിടയില്‍ അടുത്തായി പറക്കുന്ന ഒരു ജെറ്റ് വിമാനം കണ്ടു.

സൂം ലെന്‍സ് ഇട്ടുകൊണ്ട് വീണ്ടും ഒരു ശ്രമം നടത്തി. ശരിയായില്ല.

ഇതില്‍ കിട്ടി. ഈസി ജെറ്റ് ഫ്ല്യറ്റ് ആണെന്ന് തോന്നുന്നു.

ഒന്നു കൂടെ സൂമി.. കിട്ടിപോയ്.. ലവന്‍ ജെറ്റ് തന്നെ

തൊട്ടടുത്ത് "ഞാനും ഇവിടെയുണ്ടേ" എന്ന് പറഞ്ഞു ഇമ്മടെ ചന്ദിരാന്‍ കുട്ടി.
വിട്ടില്ല, ഓന്‍റെ പടവും എടുത്തു.

മേഘങ്ങളും അനന്തനീലിമയും നോക്കിയങ്ങിനെ ഇരുന്നു.

ലണ്ടന്‍ എത്തിയെന്ന അറിയുപ്പുണ്ടായി.

ലണ്ടനിലെ പച്ചപ്പ് വിളിച്ചോതുന്ന ചിത്രം.

ലണ്ടനിലെ വാട്ടര്‍ റിസര്‍വോയേഴ്സു.
ജര്‍മന്‍ യാത്രക്ക് വിരാമമിട്ടു വീണ്ടും ആല്‍ത്തറയിലേക്ക്..!